പ്രയാണം
"നിറച്ചു മുടി ഉണ്ടല്ലോ".
പ്രസവവേദനക്കിടയിലും അത് കേട്ട് അമ്മ ഒന്ന് സന്തോഷിച്ചു കാണും.
"വിലപ്പെട്ടത് എന്ന് സ്വയം കരുതുന്ന എന്തും ഭരണകൂടത്തിൻ്റെ മുന്നിൽ ത്യജിക്കുന്നത് ഒരു സമരമാർഗം ആണ്" സഹപാഠിയുടെ കരുത്തുള്ള വാക്കുകൾ ഉറക്കെ മുഴങ്ങി. നാട്ടുമ്പുറത്തെ ആരാധന നിറഞ്ഞ കണ്ണുകളെ മറന്നു നഗരത്തിലെ വിപ്ലവവീഥികളിലെ രോഷാഗ്നിയിലേക്കു മുറിച്ചെറിഞ്ഞു. സ്വയം അലിഞ്ഞു.
തൻ്റെ മുടിയിഴകളിൽ വിരലോടിച്ചു പ്രണയത്തിന്റെ തണുപ്പും ചൂടും വിവരിച്ചു തന്ന കാമുകൻ. പിന്നൊരിക്കൽ ഭക്ഷണത്തിൽ നിന്ന് കിട്ടിയ തൻ്റെ മുടിയുമായി കനത്ത കോപത്തോടെ പടി കടന്നു പോയി.
"ഇത് നിങ്ങൾക്ക് ചേരും" അർബുദ രോഗത്തിന്റെ ആശുപത്രിയിലെ കടുത്ത ക്ഷീണത്തിന്റെ ഇടവേളയിൽ കൂടെകൂടെ വരാറുള്ള വൈദികന്റെ സ്വാന്തനം നിറഞ്ഞ പുഞ്ചിരി. കൈയിൽ ഒരു വെപ്പുമുടി.
തൻ്റെ മാത്രമായ അവസാന നിമിഷങ്ങളിൽ ഓർത്തു ചെറിയ വയസ്സിൽ പഠിച്ചത്.
മുടി ഒരു മൃതകോശം ആണ്.