Kadhajalakam is a window to the world of fictional writings by a collective of writers

ചീട്ടുകളിക്കാരന്റെ മകന്‍

ചീട്ടുകളിക്കാരന്റെ മകന്‍

ടിവി ചാനല്‍ റിമോട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കൊണ്ടിരുന്നു രഘു. ഒരു വിധം എല്ലാ ന്യൂസ്‌ ചാനലിലുടെയും കടന്നു പോയി. സ്റ്റേഷനിലേക്ക് ഇറങ്ങും മുന്നേ വാര്‍ത്ത‍ കാണുന്നത് രഘുവിന്‍റെ പതിവാണ്. മലയാള വാര്‍ത്തയും ഇംഗ്ലീഷ് വാര്‍ത്തയും അതില്‍പ്പെടും.

“എന്താണ് രഘുസാര്‍ ഇന്നത്തെ ചുടുള്ള വാര്‍ത്ത‍“?  രേണുവിന്‍റെ ചോറും പാത്രം ബാഗില്‍ വെക്കുന്നതിനിടയില്‍ നന്ദിനി ചോദിച്ചു.

“ഓ എന്ത്.. എല്ലാം പതിവ് വാര്‍ത്തകള്‍...ഒരു പാര്‍ട്ടിക്കാര്‍ മറ്റേ പാര്‍ട്ടിക്കാരുടെ കുറ്റം പറയുന്നു. ഭരണപക്ഷം പ്രതിപക്ഷത്തിന്‍റെ കുറ്റം പറയുന്നു. പ്രതിപക്ഷം ഭരണപക്ഷത്തിന്‍റെ കുറ്റം പറയുന്നു”.

“അതൊക്കെ അറിയുന്നതുക്കൊണ്ടാണ് ഞാന്‍ വാര്‍ത്തകള്‍ കാണാത്തതു തന്നെ “.  നന്ദിനി ചിരിച്ചുകൊണ്ട് പറഞ്ഞു.

“എന്ത് ചെയ്യാനാ നന്ദു, ഒരു പോലീസുക്കാരന്‍ നാട്ടില്‍ നടക്കുന്നതൊക്കെ അറിയേണ്ടേ”

നമ്മുടെ നാട്ടില്‍ വംശനാശം വന്നുക്കൊണ്ടിരിക്കുന്ന കൈക്കൂലി വാങ്ങാത്ത പോലീസ്‌ ഓഫീസിറാണ് രഘു. വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒരു കേസ് അന്വഷിച്ച് കുറ്റക്കാരെ കണ്ടെത്തണം എന്നുള്ളത് രഘുവിന്‍റെയൊരു ചിരകാല അഭിലാഷമാണ് . നിര്‍ഭാഗ്യം എന്ന് പറയട്ടെ, ഇതുവരെയും പെറ്റി കേസുകളും മോഷണ കേസുകളും അല്ലാതെ താരതമ്യേന കട്ടികൂടിയ ഒരൊറ്റക്കേസും രഘുവിനെ തേടി വന്നട്ടില്ല.

“നന്ദു രേണുവിനെ വിളിച്ചേ ...സ്റ്റേഷനിലേക്ക് പോകാന്‍ സമയമായി“. രഘുവിന്‍റെ മകളാണ് രേണുക. രേണുവിനെ സ്കൂളിലാക്കി രഘു നേരെ സ്റ്റേഷനിലേയ്ക്ക് വച്ചു പിടിക്കും. അതാണ് പതിവ്. രേണു അവളുടെ അത്രയും വലിപ്പമുള്ള ഒരു ബാഗും പുറത്ത് തൂക്കി രഘുവിന്‍റെ അടുത്തേക്ക് വന്നു. രഘു രേണുവിന്റെ കൈയില്‍ നിന്ന് ബാഗ് വാങ്ങി കൈയ്യിൽ തൂക്കിയിട്ടു.

“അച്ഛന്‍ പിടിച്ചോളാം. ഹൊ, എന്തൊരു കനമാണിതിന്. ഈ കുട്ടി ഇതൊക്കെ എങ്ങനെ തോളിലിട്ട് നടക്കുന്നു. നമ്മളൊക്കെ പഠിക്കുന്ന കാലത്ത് കൈയില്‍ പിടിക്കാനുള്ള പുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളു .അങ്ങനെയൊക്കെ പഠിച്ചല്ലേ ഞാനും സബ് ഇന്‍സ്പെക്ടറായത്. ഇതിനു മാത്രം എന്താണാവോ ഇപ്പോഴത്തെ സ്കൂളില്‍ പഠിപ്പിക്കുന്നെ". നന്ദിനിക്കായിരുന്നു രേണുവിനെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിപ്പിക്കണം എന്ന് നിര്‍ബന്ധം .മാതാപിതാക്കളുടെ നിര്‍ബന്ധങ്ങള്‍ക്ക്  ബലിയാടാവുന്നത്‌  പാവം കുട്ടികള്‍. പിന്നെ അവരുടെ നല്ലതിന് വേണ്ടിയാണല്ലോ എനോർത്ത് സമാധാനിക്കാം. രേണു ജീപ്പിന്‍റെ മുന്നിൽത്തന്നെ കയറി ഇരുന്നു.

“നന്ദു എന്‍റെ ഫോണ്‍ എടുത്തേ. ഞാന്‍ എടുക്കാന്‍ മറന്നു“. രേണു ഫോണ്‍ എടുക്കാന്‍ അകത്തേക്കോടി.

“ഇതാ രഘുവേട്ടാ“. നന്ദിനി ഫോണ്‍ രഘുവിന് കൊടുത്തു. വാങ്ങി പോക്കറ്റിലേക്ക്  ഇടുമ്പോഴേക്കും ഫോണ്‍ അടിക്കാന്‍ തുടങ്ങി. സി. ഐ സാറാണ്.

“ശ് “ രഘു രേണുവിനോട്  മിണ്ടല്ലെ എന്ന് ആഗ്യം കാട്ടി.

“ഗുഡ് മോര്‍ണിംഗ് സാര്‍ ........ഇല്ല സാര്‍ .......അതൊരു പാവമാണ് സാര്‍ ...ഓക്കേ സാര്‍ ....ചെയ്യാം സാര്‍”. രണ്ടു മിനിറ്റ് സംഭാഷണത്തിന് ശേഷം രഘു ഫോണ്‍ കട്ട്‌ ചെയ്തു.

“ആരാ രഘുവേട്ടാ ഈ പാവം? “ നന്ദിനി ചിരിച്ചുക്കൊണ്ട് ചോദിച്ചു. രഘു അതിനു മറുപടി ഒന്നും പറഞ്ഞില്ല. നന്ദിനി വീണ്ടും ചോദിച്ചു. “ആരാ രഘുവേട്ടാ?... ..ആദ്യമായിട്ടാണ് രഘുവേട്ടന്‍ കുറ്റവാളിയെ  പാവം എന്ന് പറഞ്ഞു കേള്‍ക്കുന്നേ”.  രഘു അതിനും മറുപടി പറഞ്ഞില്ല. രഘുവിന്‍റെ മുഖത്തെ മാറ്റങ്ങൾ നന്ദിനി ശ്രദ്ധിച്ചു.

“രേണു നമുക്ക് പോകാം “. രഘു ജീപ്പ് സ്റ്റാര്‍ട്ട്‌ ചെയ്തു. ഈ രഘുവേട്ടന് ഇതെന്തുപറ്റി? സാധാരണ ഒരു ബൈ പറയാറുള്ളതാണല്ലോ. ചോദിച്ചതിന് മറുപടിയും പറഞ്ഞില്ല. അതിനു താന്‍ തെറ്റായിട്ട് എന്താ ചോദിച്ചേ? നന്ദിനി മനസ്സില്‍ പറഞ്ഞു. രഘുവിന്‍റെ ജീപ്പ് ഗേറ്റ് കടന്നുപോയി. നന്ദിനി ജീപ്പ് ഗേറ്റ് കടക്കുംവരെ നോക്കി നിന്നു. “ആരാ രഘുവേട്ടാ, ഈ പാവം “ നന്ദിനി ചോദിച്ച ചോദ്യം രഘുവിന്‍റെ കാതില്‍ വീണ്ടും വീണ്ടും മുഴങ്ങി. കഴിഞ്ഞ ആഴ്ച്ചയിലാണ് ആദ്യമായി ഞാന്‍ മനോഹരേട്ടനെ കാണുന്നത്. കശുവെച്ചു ചീട്ടുകളിച്ചതിനാണ് മനോഹരേട്ടനെ പിടിച്ചത് .നാട്ടുകാരുടെ ശക്തമായ പരാതിയെ തുടര്‍ന്ന്  ഹെഡ് കോണ്‍സ്റ്റബിള്‍ ജോസഫ്‌ സാറിന്റെ നേതൃത്വത്തില്‍ പതിമുന്ന് പേര് അടങ്ങിയ ചീട്ടുകളി സംഘത്തെ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ടതും ചീട്ടുകളി സംഘം പതിവുള്ളതുപോലെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.  പിന്നാലെ നല്ല ദൂരമോടിയാണ് എല്ലാവരെയും പിടികൂടിയതെന്ന് ജോസഫ്‌ സാര്‍ പറഞ്ഞിരുന്നു. ഓട്ടത്തിനിടയില്‍ എവിടെയോ മനോഹരേട്ടന്‍ കാലു തട്ടി വീണിരുന്നു. കൈയിലും കാലിലും തൊലി കൂറേപ്പോയി. ചോര പൊടിഞ്ഞിരിന്നു. സംഘത്തിലെ പന്ത്രണ്ടുപേരുടെയും വീട്ടില്‍ നിന്നും ആളുകള്‍ എത്തി അവരെ സ്റ്റേഷനില്‍നിന്ന് ഇറക്കി കൊണ്ടുപോയി. മനോഹരേട്ടന്റെ വീട്ടില്‍ നിന്നും ആരും വന്നില്ല. സ്റ്റേഷന്‍റെ ഒരു മൂലയില്‍ തലയും താഴ്ത്തി മനോഹരേട്ടന്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ തന്റെ അച്ഛനെയാണ് ആദ്യം ഓര്‍മ്മ വന്നത്. അച്ഛനും ഇതുപോലെ ഗംഭീര ചീട്ടുകളിക്കാരനായിരുന്നു. അദ്ധ്വാനിച്ച പൈസ മുഴുവനും ചീട്ടുക്കളിച്ച് കളഞ്ഞില്ലായെങ്കില്‍ അന്നത്തെ ദിവസം അച്ഛന് ഉറക്കം വരില്ല. തറവാട് ഭാഗംവെച്ചു കിട്ടിയ പൈസയും കളിച്ചു കളഞ്ഞതുക്കൊണ്ട് വാടക വീടായിരുന്നു ശരണം. മിക്ക ദിവസവും അമ്മയും അച്ഛനും തമ്മില്‍ വഴക്കാണ്. അമ്മക്ക് അച്ഛന്‍ ചീട്ടുകളിക്കുന്നത് തീരെ ഇഷ്ട്ടമല്ലായിരുന്നു. ആദ്യമൊക്കെ അമ്മ അച്ഛനെ ഉപദേശിച്ചു നന്നാക്കാന്‍ ശ്രേമിച്ചിരിന്നു .അച്ഛന്‍ കളി നിറുത്തിയില്ല .പിന്നെ വഴക്കിട്ടുനോക്കി. അപ്പോഴും അച്ഛന്‍ ചിട്ടുകളി നിർത്തിയില്ല. ഉപദേശിച്ചിട്ടും വഴക്കിട്ടിട്ടും കാര്യമില്ലാതായപ്പോൾ അമ്മ ഒക്കെ അവസാനിപ്പിച്ചു. അച്ഛന്റെ ഈ ചീട്ടുക്കളികൊണ്ട് അമ്മക്ക് ഒരുപാട്  കുത്തുവാക്കുകള്‍ ബന്ധുക്കളുടെ ഇടയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പാവം അതൊന്നും അച്ഛനെ അറിയിച്ചിട്ടുപ്പോലും ഇല്ലായിരുന്നു. അമ്മയുടെ വിഷമം കണ്ട് ഒരിക്കല്‍ താനും അച്ഛനോട് എന്തിനാ അച്ഛാ ചീട്ടുകളിക്കാന്‍ പോകുന്നെ എന്ന് ചോദിച്ചു. അതിനു അച്ഛന്‍ തന്ന ഉത്തരം ചീട്ടുകളിക്കുള്ള നിര്‍വചനത്തിന്റെ സംഭാവനയായിരുന്നു.

“രഘു ...ചീട്ടുകളി എന്നത് ഭാഗ്യനിർഭാഗ്യങ്ങളിലുടെ പൊടുന്നനെ വിധി നിർണ്ണയിക്കപ്പെടുന്ന ഒരു മത്സരമാണ് ...ഇരുപത് ശതമാനം കഴിവും എൺപത് ശതമാനം ഭാഗ്യവുമാണ് ചീട്ടുക്കളി. നമ്മുടെയൊക്കെ ജീവിതം പോലെതന്നെയാണ് ചീട്ടുക്കളിയും. കഴിവ് മാത്രം പോരാ ഭാഗ്യവും വേണം. കഴിവുണ്ടായിട്ടും ഒരു അവസരം കിട്ടാതെ ഒന്നും ആകാന്‍ പറ്റാത്തവര്‍ നിരവധിപ്പെരുണ്ട്. ഭാഗ്യം തുണച്ചിരുന്നുന്നുവെങ്കില്‍, ഒരു അവസരം കിട്ടിയിരുന്നുവെങ്കില്‍ കുറെയേറെപ്പേരുടെ ജീവിതംകൂടി മാറിമറഞ്ഞേനെ. കളിച്ചു ജയിച്ചാല്‍ നമ്മുടെ കുടെയും നാലുപേര് കാണും. മറിച്ചു നമ്മള്‍ തോറ്റാല്‍ ആരും നമ്മുടെ കുടെയുണ്ടാകില്ല. പതിയെ നമ്മള്‍ ഒന്നിന്നും കൊള്ളാത്തവരായിത്തിരുന്നു. ജീവിതവും അങ്ങനെ തന്നെയല്ലേ“. അച്ഛന്‍ അങ്ങനെയാണ് ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു മറ്റുള്ളവരെ അമ്പരപ്പിക്കും. .കേള്‍ക്കുന്നവരെ അച്ഛന്‍ പറഞ്ഞത് ശരിയാണ് എന്ന് തോന്നിപ്പിക്കും തരത്തില്‍ സംസാരിക്കാന്‍ മിടുക്കനാണ്. അല്ലെങ്കില്ലും എല്ലാ ദുരന്ത നായകന്മാരും പറയുന്നത് അവരുടെതായ  ന്യായങ്ങള്‍ ആയിരിക്കും. പക്ഷെ കഴിവുകളേയും അവസരങ്ങളെയും പറ്റി അച്ഛന്‍ പറഞ്ഞ വാക്കുകള്‍ എവിടെയോ തട്ടിയപ്പോല്ലെ. പണ്ട് പ്രീഡിഗ്രി കഴിഞ്ഞിട്ട് കോളേജില്‍ ചേരാന്‍ സീറ്റ്‌ കിട്ടാതെ വന്ന അവസ്ഥ. തന്നേക്കാള്‍ മാര്‍ക്ക്‌ കുറവായ കുട്ടികള്‍ക്കെല്ലാം സീറ്റ്‌ കിട്ടിയിരിക്കുന്നു. എനിക്ക് എന്തേ സീറ്റ്‌ ഇല്ലാത്തെ  എന്ന് ചോദിച്ചപ്പോള്‍ അവരൊക്കെ സംവരണ സീറ്റില്‍ ആണത്രേ കയറിയിരിക്കുന്നത് എന്നതായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. ഉയര്‍ന്ന ജാതി ആയതോണ്ട് തനിക്ക് സംവരണം കിട്ടില്ല എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. വിവേചനം ഇല്ലാന്ന് പറയുന്നതേ ഉള്ളു. ഇപ്പോഴും വിവേചനം തന്നെയാണ് പലയിടത്തും. പണ്ട് തൊലിയുടെ നിറത്തില്‍ ആയിരുന്നു വിവേചനമെങ്കില്‍ എപ്പോ സംവരണത്തിന്റെ പേര് പറഞ്ഞാണ് വിവേചനം. അര്‍ഹതപെട്ടവനാണ് സംവരണം വേണ്ടത്. അല്ലാതെ ജാതിയും മതവും നോക്കിയല്ല സംവരണം കൊടുക്കേണ്ടത്. ഒരു പക്ഷെ ഇ എം എസോ വീ ടി യോ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഇതൊക്കെ പൊളിച്ചെഴുതിയേനെ. സര്‍ക്കാര്‍ കോളേജില്‍ സീറ്റ്‌ കിട്ടാത്തതുക്കൊണ്ട് പഠനം വളരെ കഷ്ട്ടപാടായിരുന്നു. അച്ഛന്റെ ഈ നശിച്ച ചീട്ടുക്കള്ളി കാരണം കുറച്ചൊന്നുമല്ല അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. ഒരിക്കല്‍ പാപ്പന്റെ മകന്റെ കല്യാണ തലേന്ന് തനിക്ക് ഉണ്ടായ അപമാനം ചെറുതൊന്നുമല്ല. നാട്ടിന്‍പുറത്തെ എല്ലാ കല്യാണ വീടുകളിലും തലേ ദിവസമദ്യസേവ ഒരു ആചാരമായിരുന്നു. ചോദിച്ചാല്‍ പറയും ഒരു സന്തോഷത്തിനു വേണ്ടിയാണു കുടിക്കുന്നത് എന്ന്. ഇനി ആരെങ്കില്ലും മരിച്ചാലോ? അപ്പോഴും കാണാം ഈ ആചാരം അപ്പൊ മരിച്ച ദുഖംക്കൊണ്ടാണ് കുടിക്കുന്നത് എന്ന് പറയും. കുടിയന്മാര്‍ക്ക് കുടിക്കാന്‍ ഓരോരോ കാരണങ്ങള്‍.പാപ്പന്റെ മൂത്തമകന്‍ സുരേഷും  കൂട്ടുക്കാരും പന്തലിന്റെ ഒരു മൂലയില്‍ മദ്യപിക്കുന്നുണ്ടായിരുന്നു. ഞാന്‍ അറിയാതെ അവരുടെ മുന്നില്‍ വന്നുപ്പെട്ടു. സുരേഷിന്റെ ഒരു കൂട്ടുക്കാരന്‍ മദ്യം കഴിക്കാന്‍ കൂടുന്നുണ്ടോ എന്നോട് ചോദിച്ചു. ഞാന്‍ കഴിക്കാറില്ല എന്ന് അവനോടു പറഞ്ഞു. അവന്‍ കഴിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ഞാന്‍ കഴിക്കില്ല എന്ന് തിര്‍ത്തും പറഞ്ഞു. എന്നാല്‍ പിന്നെ ഒരു ബീയറെങ്കിലും കഴിക്ക് എന്നായി അവന്‍. ഞാന്‍ അതും കഴിക്കില്ല എന്ന് പറഞ്ഞു. അപ്പൊ അവര്‍ക്ക് എന്നെ കുടിപ്പിച്ചേ മതിയാവു. സുരേഷേട്ടനും അവരുടെ കൂടെ കുടി .ഒരുത്തന്‍ എന്നെ പിടിച്ചു കുടിപ്പിക്കാന്‍ നോക്കി. ഞാന്‍ കുതറി മാറി. ബഹളം കേട്ട് പാപ്പനും കുറച്ചു ബന്ധുക്കള്ളും ഓടിവന്നു. പാപ്പന്‍ സംഗതി എന്താ എന്ന് തിരക്കി. 

“നിനക്ക് അവരുടെ കൂടെ കുടിച്ചാല്‍ എന്താടാ ചെക്കാ ...ഒരു നല്ലവന്‍ വന്നിരിക്കുന്നു...നീ അത്ര നല്ല പുള്ളി ചമയോന്നും വേണ്ട ..ചീട്ടുക്കളിക്കാരന്‍ അല്ലേ നിന്റെ തന്ത“. പാപ്പന്‍ ഉച്ചത്തില്‍ എന്നോട് ചോദിച്ചു. ഒപ്പം നില്‍ക്കുന്ന ബന്ധുക്കള്‍ എന്നെ നോക്കി ചിരിക്കുകയാണ്. എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ അപമാനിതനായി നിന്നു. ദ്രൗപദി സ്വയംവരത്തില്‍ അപമാനിതനായ കര്‍ണനെ പോലെ. പക്ഷെ ഒരു ദുര്യോധനനും തന്റെ പക്ഷത്ത് നിന്നില്ല. ഒടുവില്‍ അമ്മയെയും വിളിച്ച് രാത്രി തന്നെ അവിടെ നിന്നു പോന്നു. സമൂഹം അങ്ങനെയാണ് കള്ളന്റെ മകന്‍ കള്ളന്‍ കുടിയന്റെ മകന്‍ കുടിയന്‍ ചീട്ടുകളിക്കാരന്റെ മകന്‍ ചീട്ടുകളിക്കരിക്കാന്‍ അങ്ങനെയൊക്കെ കാണാനാണ് അവര്‍ക്ക് താല്പര്യം. അല്ലെങ്കില്‍ അങ്ങനെയാക്കും. എന്നിട്ട് അതും കണ്ടു ചിരിക്കും. തെണ്ടികള്‍. എന്തിനേറെ പറയുന്നു .എത്രയെത്രെ കല്യാണാലോചനകള്‍ നാട്ടുകാര്‍ മുടക്കിയിരിക്കുന്നു. നാട്ടിലെ ചായകട പരദുഷണത്തിന്റെ  ആസ്ഥാനമാണ്‌. എന്‍റെ സ്വഭാവം എങ്ങനെ ഉണ്ട് എന്ന് അന്വഷിക്കാന്‍ പെണ്ണിന്റെ വീട്ടുക്കാര്‍ അഭിപ്രായം ചോദിച്ചത് ഈ ചായകടയിലും. ചോദിച്ചതും കടയില്‍ ഇരുന്ന ഒരുത്തന്‍ ഒന്ന് ചിരിച്ചിട്ട് പറഞ്ഞത്രേ.

“ആ നില്‍ക്കുന്ന തെങ്ങ് വെള്ളമടിക്കില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കാം പക്ഷെ രഘു “ അതും പറഞ്ഞു അയാള്‍ നില്‍ക്കാതെ ചിരിച്ചത്രേ .ഞാന്‍ മുഴുകുടിയന്‍ ആണെന്ന് കരുതി അവര്‍ കല്യാണം വേണ്ട എന്നു വെച്ചു. ഈ സമൂഹം ഇങ്ങനെയാണ് .മറ്റുള്ളവരുടെ ജീവിതത്തില്‍ വലിഞ്ഞു കയറി കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ വല്യ ഇഷ്ട്ടമാണ് .അവരും വളരില്ല മറ്റുള്ളവരെയും വളര്‍ത്തില്ല.

“അച്ഛാ ...അച്ഛന്‍ എന്താ ആലോചിക്കുന്നേ...?" രേണുവിന്റെ സ്കൂള്‍ എത്താറായി. അച്ഛന്റെ ഭുതകാലമായിരുന്നു ഓര്‍ത്തത് എന്ന് പറയണമെന്നുണ്ടായിരുന്നു എനിക്ക് എന്നാൽ പറഞ്ഞില്ല. ജീപ്പ് സ്കൂള്‍ കോബൌണ്ടിലുടെ കടന്നു പാര്‍ക്കിങ്ങില്‍ നിറുത്തി. രേണുവിന്റെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു ക്ലാസ്സിലേക്ക് പറഞ്ഞയച്ചു. രഘു അവിടെ നിന്നു നേരെ സ്റ്റേഷനിലേക്കാണ് പോയത്. ഇന്നലെത്തേതുപോലെ മനോഹരേട്ടെന്‍ തലയും താഴ്ത്തി സെല്ലിന്റെ ഒരു മൂലയില്‍ ഇരിക്കുന്നുണ്ട്. രഘു നേരെ പോയത് ഹെഡ് കോണ്‍സ്റ്റബിള്‍ ജോസഫ്‌ സാറിന്റെ അടുത്തേക്കാണ്‌.

“സി. ഐ സാര്‍ വിളിച്ചിരുന്നു. ഇത്ര ദിവസമായി ആരും വന്നില്ലയെങ്കില്‍ ഇയാളെ  എന്തേ കോര്‍ട്ടില്‍ ഹാജരാക്കിയില്ല എന്ന് ചോദിച്ചു”.  മനോഹരേട്ടനെ ചൂണ്ടിക്കൊണ്ട് രഘു ജോസഫിനോട് ചോദിച്ചു. ജോസഫ് സാറിന്റെ മറുപടിക്ക് ചെവികൊടുക്കാതെ മനോഹരേട്ടനെ തന്റെ റൂമിലേക്ക് കൊണ്ട് വരാന്‍ പറഞ്ഞു. ജോസഫ് സാര്‍ അയാളെ രഘുവിന്‍റെ റൂമിലേക്ക്‌ കൊണ്ട് വന്നു. മനോഹരേട്ടന്‍ തല താഴ്ത്തി നില്‍പ്പാണ്. കുറ്റബോധവും സങ്കടവും ആ മുഖത്തിലൂടെ മാറി മറിയുന്നത് രഘു ശ്രദ്ധിച്ചു.

“ജീവിതം ഇങ്ങനെ തല താഴ്ത്തി ജീവിക്കാന്‍ ഉള്ളതാണോ മനോഹരേട്ടാ?” രഘു മനോഹരേട്ടനോട് ചോദിച്ചു. മനോഹരേട്ടന്‍ മറുപടി ഒന്നും പറഞ്ഞില്ല. രഘു തുടര്‍ന്നു. “ആഴ്ച്ച ഒന്നു കഴിഞ്ഞിട്ടും ഒരാളുപോലും മനോഹരേട്ടനെ അന്വേഷിച്ച് വന്നില്ല. എന്താ അതിന്റെ അര്‍ഥം? മനോഹരേട്ടന് ഇവിടെ നിന്നു പോകേണ്ടേ?” മനോഹരേട്ടന്‍ അപ്പോഴും തലയും താഴ്ത്തി ഒരേ നില്‍പ്പാണ്.

“എന്നാ മനോഹരേട്ടെന്‍ പോയ്ക്കോ. ഇനി ഇങ്ങോട്ട് വരാന്‍ അവസരം ഉണ്ടാക്കരുത്“. അത് കേട്ടപ്പോള്‍ മനോഹരേട്ടന്‍ ചെറുതായൊന്ന് ചിരിച്ചു. മിഴികളിലെ മഴയിരിമ്പങ്ങൾക്കിടയിലൂടെ നനയാന്‍ മടിച്ച് താടിരോമങ്ങൾ താണ്ടി വശങ്ങളിലേക്ക് ഊറിയിറങ്ങിയ ചെറിയൊരു പുഞ്ചിരി.

“പറഞ്ഞത് കേട്ടില്ലേ. മനോഹരേട്ടെന്‍ പോയ്ക്കോളു“ .ഹെഡ് കോണ്‍സ്റ്റബിള്‍ ജോസഫ് സാറിന് എന്താണ് നടക്കുന്നതെന്ന് മനസിലായില്ല. അയാള്‍ രഘുവിനെ ഒരു സംശയത്തോടെ നോക്കി. മനോഹരേട്ടന്‍ ഒരു നിമിഷം കൈ കുപ്പി നന്ദി പറഞ്ഞ് തിരിഞ്ഞു നടന്നു.

സംശയം ബാക്കി നിന്ന ജോസഫ് സാര്‍ രഘുവിനോട് ചോദിച്ചു.

“സാര്‍ സീരിയസ് ആയി അയാളെ പറഞ്ഞു വിടുവാണോ?”

“ഉം...അയാള്‍ പോകട്ടെടോ ....രാഷ്ട്രിയക്കള്ളന്മാരും കൊലപാതകികളും ബലാത്സംഗവീരന്മാരും ഒരു ശിക്ഷയുമേല്‍ക്കാതെ വെറുതെ നടക്കുന്ന നാട്ടില്‍. കാശു വെച്ച് ചീട്ടുകളിക്കുന്നവര്‍ എത്രയോ നല്ലവരാ“

“പക്ഷെ, സാര്‍“. ജോസഫ് സാര്‍ എന്തോ പറയാന്‍മുന്നോട്ടാഞ്ഞു. അത് മുഴുവനാക്കും മുന്നേ രഘു ഒരു നെടുവീര്‍പ്പോടെ പതിയെപറഞ്ഞു.

“ഞാനും ഒരു ചീട്ടുകളിക്കാരന്റെ മകനാണ് “

തിരുവാതിര

തിരുവാതിര

നീ സുന്ദരിയാണെന്ന് മന്ത്രിക്കുമ്പോൾ

നീ സുന്ദരിയാണെന്ന് മന്ത്രിക്കുമ്പോൾ