Kadhajalakam is a window to the world of fictional writings by a collective of writers

ഞാന്‍ എന്ന നോക്കുകുത്തി

ഞാന്‍ എന്ന നോക്കുകുത്തി

അങ്ങനെ നോക്കുകുത്തിയുടെ നീണ്ട പ്രാര്‍ത്ഥനയ്ക്ക് അവസാനമായി. ദൈവം നോക്കുകുത്തിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

“യെസ്  ഡൂഡ്, വാട്ട്‌സ് അപ്പ്‌“, ദൈവം ചിരിചുക്കൊണ്ടു നോക്കുകുത്തിയോട് ചോദിച്ചു .അന്തംവിട്ടു നില്‍ക്കുന്ന നോക്കുകുത്തിയോട് ദൈവം വീണ്ടും ചോദിച്ചു.

“ഹൌ ക്യാൻ ഐ ഹെല്പ് യു?... ഓ നിനക്ക് സംസാരിക്കാന്‍ പറ്റില്ലല്ലോ ” ദൈവം നോക്കുകുത്തിയുടെ മുഖത്തായി കൈക്കൊണ്ട് ചെറിയൊരു വായ വരച്ചു.

“നിന്‍റെ പ്രാര്‍ത്ഥനയില്‍ ഞാന്‍ സംതൃപ്തനായി  “.നോക്കുകുത്തി ഒന്നും മനസിലാവാതെ അപ്പോഴും അന്തംവിട്ടു നില്‍ക്കുകയാണ്.

“ഹേയ് ഡൂഡ്, ഞാന്‍ തന്നെയാണ് താങ്കള്‍ പ്രാര്‍ത്ഥിക്കുന്ന ദൈവം“.

“ദൈവം ?” നോക്കുകുത്തി ഒരു സംശയത്തോടെ ചോദിച്ചു.

“യെസ് ഞാന്‍ തന്നെയാണ്  ദൈവം”.

“പക്ഷെ ഈ രൂപം?” നോക്കുക്കുത്തിയ്ക്ക് വീണ്ടും സംശയം.

“ഈ രൂപത്തിന് എന്താ കുഴപ്പം ?” ദൈവം തന്നെ  ഒന്നുകൂടി നോക്കി ചോദിച്ചു.

“രൂപത്തിന് കുഴപ്പമൊന്നുമില്ല .സാധാരണ ദൈവം പ്രത്യക്ഷപ്പെടുമ്പോള്‍ വലിയ പ്രകാശം ഉണ്ടാവുമെന്നും തലയ്ക്ക് മുകളില്‍ വട്ടത്തില്‍ ഒരു ഗോളം പോലെ ഒരു പ്രകാശവും ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. അതുപോലെതന്നെ നല്ല വെളുത്ത ആകര്‍ഷകണീയതയുള്ള രൂപമാണെന്നും  കേട്ടിട്ടുണ്ട് ..ഇതിപ്പോ ...തലയ്ക്ക് മുകളില്‍ പ്രകാശം കണ്ടില്ല .. വെളുത്ത ആകര്‍ഷകണീയതയുള്ള രൂപമായോ തോന്നിയില്ല...  പിന്നെ ഇത്ര ആധുനികമായ വേഷവിധാനങ്ങള്‍ ദൈവങ്ങള്‍ ധരിക്കുമോ ?”സംശയം മാറാതെ നോക്കുകുത്തി വീണ്ടും ചോദിച്ചു.

“ദൈവം  ഇങ്ങനെയൊക്കെയാണെന്ന് ആരാ പറഞ്ഞേ ? മുന്‍പ് കണ്ടിട്ടുണ്ടോ ദൈവത്തെ? ” ദൈവം തിരിച്ചു ചോദിച്ചു.

“അതില്ല .പക്ഷെ മതഗ്രന്ഥങ്ങളും മതപണ്ഡിതരും ഇങ്ങനെയൊക്കെയാണ് ദൈവങ്ങള്‍ എന്നാണ്  പഠിപ്പിക്കുന്നത്‌“.

“ആരാധനാലയങ്ങളും മതഗ്രന്ഥങ്ങളും ഞാന്‍ ഉണ്ടാക്കിയതല്ല .ഞാന്‍ ഒരു മതത്തിന്‍റെയും അംബാസിഡർ അല്ല. എനിയ്ക്ക് വേറെ ശാഖകളും ഇല്ല“.

“അപ്പൊ ഈ വേഷം“.

“മനുഷ്യര്‍ ശിലായുഗവും വെങ്കലയുഗവും കഴിഞ്ഞ്‌ മോഡേണ്‍ യുഗത്തിലെത്തി നില്‍ക്കുകയല്ലേ ...ദൈവം മാത്രം ഇനി എന്തിന് സിന്ധുനദീതട സംസ്കാരത്തിന്‍റെ ആത്മാവും പേറി  നില്‍ക്കണം ? ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്?”

“അതും ശരിയാ ...പിന്നെ ഈ ഭാഷ ..ഇംഗ്ലീഷ് കയറി വരുന്നുണ്ടല്ലോ ? സാധാരണ ഭക്തന്‍ എന്നൊക്കെയല്ലേ ദൈവങ്ങള്‍ വിളിക്കുക ..ഇതെന്താ ഡൂഡ്“

“നേരത്തെ പറഞ്ഞപോലെ  ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്? അതുക്കൊണ്ടു Dude ആക്കിയതാണ് ..ഡൂടിന് ആഗ്രഹങ്ങള്‍ വല്ലതും ഉണ്ടോ ? ഉണ്ടെങ്കില്‍ പറയു ഞാന്‍ സാധിപ്പിച്ചു തരാം“.

“ഉണ്ട് .എനിയ്ക്ക് ജീവനുള്ള മനുഷ്യനായി മാറണം .ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്?”നോക്കുകുത്തി ചിരിച്ചു കൊണ്ടു ദൈവത്തോട് പറഞ്ഞു.

“നോ, ഇമ്പോസ്സിബിൾ...സാധ്യമല്ല“.

“അങ്ങനെ പറയരുത് ദൈവം. എന്‍റെ ഏറെ കാലത്തേ ആഗ്രഹമാണത്.ഇതിനു വേണ്ടിയാണ് ഇത്രയും കാലം ഞാന്‍ പ്രാര്‍ത്ഥിച്ചത്‌“. നോക്കുകുത്തി ഒരു അപേക്ഷയുടെ സ്വരത്തില്‍ ദൈവത്തോട് ചോദിച്ചു.

“ഓക്കേ.നിന്നെ വേണമെങ്കില്‍ ഒരു ദിവസത്തേക്ക്  മനുഷ്യനാക്കി തീര്‍ക്കാം .ഒരു ദിവസത്തേക്ക് മാത്രം. അതില്‍ കൂടുതല്‍ പറ്റില്ല .സമ്മതമാണോ ?”.നോക്കുകുത്തി ഒന്നാലോചിച്ച ശേഷം ശരിയെന്നു പറഞ്ഞു.

“വണ്‍ മോര്‍ കണ്ടിഷന്‍. മനുഷ്യന്‍ ആണെങ്കില്‍ കൂടിയും നിനക്ക് സംസാരിക്കാനോ പ്രതികരിക്കാനോ പറ്റില്ല. എല്ലാം കാണാം കേള്‍ക്കാം“.

“സമ്മതം“, നോക്കുകുത്തി സന്തോഷത്തോടെ തന്‍റെ സമ്മതം അറിയിച്ചു.

“ശരി. നിനക്ക് ഇത് രാജ്യത്ത് പോകണം? ചെന്നൈ ,മുംബൈ അല്ലെങ്കില്‍ ഏതെങ്കിലും വിദേശ രാജ്യത്തേക്ക് പോകണോ“?

“ദൈവത്തിന്‍റെ സ്വന്തം നാട്ടിലോട്ട് പോയാല്‍ മതി".

“വാട്ട്‌ “ ദൈവം ഒരു അമ്പരപ്പോടെ ചോദിച്ചു.

“എനിയ്ക്ക് ദൈവത്തിന്‍റെ സ്വന്തം നാട്ടിലോട്ട് പോയാല്‍ മതി". ഇക്കുറി നോക്കുകുത്തിയുടെ മറുപടി കേട്ടപ്പോള്‍ ദൈവം ഒന്ന് ചിരിച്ചു.

“എന്താ ചിരിച്ചത്?”

“നത്തിങ് ഡൂഡ്, ആഗ്രഹം നടക്കട്ടെ. ഈ ദിവസം കഴിയുമ്പോള്‍ നീ ഇവിടെ തന്നെ തിരിച്ചു വരണം“. നോക്കുക്കുത്തി സന്തോഷത്തോടെ തലകുലുക്കി താന്‍ ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യ ശരീരമായി നോക്കുകുത്തി ദൈവത്തിന്‍റെ സ്വന്തം നാട്ടിലോട്ടു പോയി. ദൈവം അനുവദിച്ച ആ ദിവസത്തിന്‍റെ സമയ പരിധിയ്ക്ക്  മുന്‍പുതന്നെ നോക്കുകുത്തി പറഞ്ഞ സ്ഥലത്ത് തിരിച്ചെത്തിയിരുന്നു. വാടിയ മുഖമായി നില്‍ക്കുന്ന നോക്കുകുത്തിയെ നോക്കി ദൈവം ചിരിച്ചുക്കൊണ്ടു ചോദിച്ചു.

“ഹായ് ഡൂഡ്, ഒരു മണിക്കൂര്‍ കൂടിയും ബാക്കി ഉണ്ടല്ലോ അതും കഴിഞ്ഞ്‌ വന്നിരുന്നാല്‍ മതിയായിരുന്നല്ലോ“. നോക്കുകുത്തി മറുപടി പറഞ്ഞില്ല. ദൈവം വീണ്ടും ചോദിച്ചു

“എന്ത് പറ്റി ഡൂഡ്. മുഖത്തൊരു വിഷമം“.

“ദൈവത്തിന്‍റെ സ്വന്തം നാടല്ല അത്. വെറും ഭ്രാന്താലയം മാത്രമാണ് ആ നാട്“

“ഇഷ്ടപ്പെട്ടില്ലേ എന്‍റെ നാട്?”

“ആ നാട്ടില്‍ മനുഷ്യരാരുമില്ല. എല്ലാവരും  നോക്കുകുത്തികളാണ്, പ്രതികരണശേഷിയില്ലാത്ത  വെറും നോക്കുകുത്തികള്‍. കണ്‍മുന്നില്‍ എത്ര  വലിയ അനീതി നടന്നാലും അക്രമം നടന്നാലും ചോദ്യം ചെയ്യാതെ ഒന്നും നടന്നട്ടില്ലെന്ന മട്ടില്‍ ഒന്നിന്നെതിരെയും പ്രതികരിക്കാതെ ഞാനെന്ന ഒറ്റ ബിന്ദുവിലേക്ക് ഒതുങ്ങുന്ന വെറും നോക്കുകുത്തികള്‍. അവിടെ കണ്ട പല കാഴ്ചകളും കണ്ണ് നനക്കുന്നതായിരുന്നു. പുത്രന്‍ മരിച്ച ഒരമ്മ നീതിക്ക്‌ വേണ്ടി തെരുവില്‍ നിന്നു കരയുന്ന കാഴ്‌ചയാണ് ആദ്യം കണ്ടത്. ഒരല്‍പ്പം പോലും ആ അമ്മയുടെ കണ്ണീരിനു വിലകല്‍പ്പിക്കാതെ ഒരു കൂട്ടം അധികാര വര്‍ഗ്ഗത്തിന്‍റെ പ്രതിനിധികള്‍ ആ അമ്മയെ ആ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. മാധ്യമങ്ങളും ജനം തിരഞ്ഞെടുത്ത രാഷ്ട്രീയക്കാരും ആ അമ്മയുടെ ദുഃഖത്തെ, അവരുടെ കണ്ണീരിനെ ചാനല്‍ ചര്‍ച്ചകളും പ്രെസ്സ് മീറ്റിങ്ങുകളും നടത്തി  അവര്‍ക്ക് വേണ്ട രീതിയില്‍ വിപണനം നടത്തി .ഒരു മൃഗത്തെ കൊന്നാല്‍, അതിനെ കല്ലെറിഞ്ഞാല്‍ അത് ചെയ്തവനെ തുറങ്കലില്‍ അടക്കാനും അടിച്ചു കൊല്ലാനും  ഒത്തു കൂടുന്ന മൃഗ സംരക്ഷണ സംഘങ്ങളെ ഒരു മനുഷ്യന്‍ മരിച്ചപ്പോള്‍ ആ പരിസരത്തുപ്പോലും കണ്ടില്ല .ഒരു പക്ഷെ മൃഗങ്ങള്‍ക്ക് വേണ്ടി മാത്രമേ അവര്‍ വാ തുറക്കുകയുള്ളു അതുകൊണ്ടാവാം. തെരുവ് പട്ടിക്കുള്ള വില പോലുമില്ലേ ഒരു മനുഷ്യ ജീവന്? അതുപോലെതന്നെ ഒരു തീവ്രവാദിയെ തൂക്കിലേറ്റിയപ്പോള്‍ ഒത്തുചേര്‍ന്നു പ്രതിഷേധ ജാഥ നടത്തിയ മനുഷ്യ കഴുതകളെയും അവിടെ കണ്ടില്ല. വേറെ ചിലര്‍ തെരുവില്‍ ഇറങ്ങാതെ പ്രശസ്തമായ ഒരു സാമൂഹിക മാധ്യമത്തിലൂടെ അവരുടെ പ്രതികരണങ്ങള്‍ അറിയിച്ചു .അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായമുള്ള ആ  നാട്ടില്‍ കുറച്ചുപേര്‍ അനുകൂലിച്ചും മറ്റുചിലര്‍ പ്രതികൂലിച്ചും കൈ നനയാതെ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി .മുഖത്ത് നോക്കി പ്രതികരണം അറിയിക്കാന്‍ ധൈര്യമില്ലാത്ത കോമാളികള്‍ക്ക് പ്രതികരിക്കാനുള്ള ഏക മാര്‍ഗ്ഗമാണത്രേ മുഖവും പുസ്തകവും എന്ന വാക്കുകള്‍ അടങ്ങിയ പ്രശസ്തമായ സാമൂഹിക മാധ്യമം .പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ഗാന്ധിയന്‍  ആശയത്തെ സ്വീകരണമുറിയിലെ കമ്പ്യൂട്ടര്‍ എന്ന യന്ത്രം മുഖേന ചവറ്റുകുട്ടയില്‍ ആക്കിയിരിക്കുന്നു ഇക്കൂട്ടര്‍.പ്രതികരണ ശേഷിയില്ലാത്ത നോക്കുകുത്തികള്‍ .ഇനി മറ്റൊരമ്മയുടെ കാഴ്ച കാണണം .തന്‍റെ  മകളെ വകവരുത്തിയ ഒരു ഒറ്റകയ്യനെ  പിടികൂടിയിട്ടും അവന് പരാമാവധി ശിക്ഷ നല്‍കാന്‍പോലും കഴിയാത്ത നിയമവ്യവസ്ഥയെ കണ്ണീരോടെ നോക്കി നില്‍ക്കേണ്ടി വന്ന ഹതഭാഗ്യയായ ഒരമ്മ .വീടിന്‍റെ ആശ്രയമായ അമ്മയുടെ മകളെ കശാപ്പ് ചെയ്ത ആ ഒറ്റക്കയ്യനെ രക്ഷിക്കാന്‍ വന്നത് ലക്ഷങ്ങളുടെ വിലയേറിയ ഗുമസ്ഥരായിരുന്നത്രേ. മകള്‍ പോയ ദുഃഖത്തില്‍ ജീവിതം ആ അമ്മ ഉന്തി നീക്കുമ്പോള്‍  ഉന്തിയ വയറുമായി കൊഴുത്തൊരു  തടിമാടനായി കോടതിയില്‍ ഹാജരായ ആ ഒറ്റക്കയ്യന്‍ ജയിലില്‍  ആഡംബര ജീവിതം നയിക്കുകയാണ്. പിടികൂടുന്ന സമയത്ത് ചെണ്ടകോല്‍ പോലെ ഉണ്ടായിരുന്ന ഒറ്റക്കയ്യന്‍ തടിമാടനായത് ജയിലിലെ ആഹാരം മോന്തിയിട്ടാകണം “ നോക്കുകുത്തി ദീര്‍ഘമായി നിശ്വസിച്ചു.

“പിന്നേയും കണ്ടു നീതിയ്ക്ക് വേണ്ടി തെരുവിലിറങ്ങിയ പല അച്ഛനമ്മമാരെ, നീതി നിഷേധിക്കപ്പെട്ട  അച്ഛനമ്മമാരെ, കാമവെറിയന്മാരായ മനുഷ്യ മൃഗങ്ങളെ, കൈക്കൂലി തട്ടി പറിച്ച് വാങ്ങുന്ന ശീമ പന്നികളായ ഉദ്യോഗസ്ഥ വര്‍ഗ്ഗത്തെ, കട്ട് മുടിപ്പിച്ചും അഴിമതി നടത്തുകയും ചോദ്യം ചെയ്താല്‍ തെളിവുണ്ടോ എന്ന് ചോദിക്കുന്ന രാഷ്ട്രീയ ശ്വാനന്മാരെ, സിനിമ നടന്മാരുടെ ചിത്രത്തിന് പാലഭിഷേകം നടത്തുന്ന നിരുത്തരവാദികളായ യുവാക്കളെ, ഭക്തിയുടെ പേര് പറഞ്ഞ് പറ്റിപ്പ്‌  നടത്തുന്ന കപട പുരോഹിതരെ, ജാതിയുടെയും മതത്തിന്‍റെയും സ്വാധിനത്തിലൂടെ വിഷം കുത്തിവെച്ച്  ഒരു തലമുറയെ തന്നെ വഴി തെറ്റിക്കുന്ന  മതവെറിയരെ, ആഘോഷിക്കാന്‍ കുപ്പികള്‍ കാത്ത് ക്ഷമാശീലരായി നീണ്ട വരിയില്‍ നില്‍ക്കുന്ന മൂഡന്‍മാരെ...കൂട്ടത്തില്‍ ഏറ്റവും ഇഷ്ടമായ കാഴ്ച  വരി വരിയായി റേഷന്‍കടയ്ക്ക് മുന്നിലായി ഔദാര്യമായി കിട്ടുന്ന അരിമണി വാങ്ങാനും വോട്ടെടുപ്പ് സമയത്ത് ക്ഷമയോടെ വെയില്‍ കൊണ്ട് സൂര്യ താപത്തെ ചെറുത്ത് തങ്ങളുടെ സമ്മതിദാനാവകാശം നടത്താന്‍ വരുന്ന പ്രതികരണ ശേഷി നഷ്ടപ്പെട്ട എന്നെപ്പോലെയുള്ള നോക്കുകുത്തികളെ കണ്ടതാണ് .അവര്‍ക്കൊന്നും പറയാനില്ല, പ്രതികരിക്കാനില്ല. കണ്ണുകള്‍ അടച്ച് ചെവിയും വായയും പൊത്തിപ്പിടിച്ച് ഒരു നോക്കുകുത്തി ജീവിതം നയിക്കുന്ന സാധുക്കള്‍ .ഞാനോ ജന്മനാ നോക്കുകുത്തി എന്നാല്‍ അവരോ?“

“കഴിഞ്ഞോ “ദൈവം ചിരിച്ചു കൊണ്ട് ചോദിച്ചു.

“എല്ലാ മതങ്ങളിലും ദൈവത്തിന്‍റെ രണ്ടാം വരവിനെക്കുറിച്ച്  പറയുന്നുണ്ട് .മനുഷ്യന്‍ മനുഷ്യനെ പച്ചയ്ക്ക് തിന്നുന്ന കാലത്താണോ അങ്ങയുടെ എഴുന്നെള്ളത്ത്?”

“അനുവദിച്ച സമയം കഴിഞ്ഞു ഡൂഡ്“. ദൈവം നോക്കുകുത്തിയുടെ വായ മായിച്ചുകളഞ്ഞു. നോക്കുകുത്തി നിശ്ചലമായി ഉരുണ്ട കണ്ണുകള്‍ തുറന്നു വെച്ച് വിദൂരതയിലെയ്ക്ക് നോക്കി നിന്നു.

വേഴാമ്പല്‍ പൂവ്

വേഴാമ്പല്‍ പൂവ്

മീനാക്ഷി

മീനാക്ഷി