Kadhajalakam is a window to the world of fictional writings by a collective of writers

വേഴാമ്പല്‍ പൂവ്

വേഴാമ്പല്‍ പൂവ്

“ചിന്നു, അപ്പോഴേക്കും എവിടേക്കാണ് നീ ഓടി പോണേ. ദേ, കളിച്ചു ചിരിച്ചു കളയാന്‍ നേരമില്ല.. സ്കൂളിൽ കൊണ്ടു പോവാന്‍ ഓട്ടോ ഇപ്പൊ എത്തും”. എവിടെ നിന്നോ അവളുടെ   കൊലുസിൻ ശബ്ദം കേൾകാം. ഇന്ന് അച്ഛന്‍ വരുന്നതിന്റെ സന്തോഷത്തിലാണ് അവളും.

നാല് വര്‍ഷം മുന്‍പാണ് ഹരിയേട്ടൻ ഗള്‍ഫിലേക്ക് പോയതു. അന്ന് ചിന്നുനു ആറ് മാസം പ്രായമുള്ളൂ. കടം എല്ലാം തീര്‍ത്തു ഇന്ന് ചേട്ടന്‍ തിരിച്ചു വരുന്ന ചിന്തയില്‍  മനസ്സു മുഴുകി ഇരിക്കുമ്പോള്‍ ആണ് ചിന്നു പുറകില്‍ നിന്നും വന്ന് എന്നെ കെട്ടി പിടിച്ചുണർത്തിയത്. അവളുടെ അമ്മേ എന്ന കുഞ്ഞു വിളി കേട്ടപ്പോള്‍ കുറച്ചു മുന്‍പു ഉണ്ടായിരുന്ന അരിശം എല്ലാം അലിഞ്ഞു പോയി. “അച്ഛന്‍ വരുന്നതിന്റെ അന്ന് രാവിലെ തന്നെ നിനക്ക് തല്ലു കൊള്ളണോ?”

ചിന്നു കഴുകി തേച്ചു വച്ചിരുന്ന പുതിയ ഉടുപ്പു ഉടുത്തിരുന്നു. “അമ്മേ, അച്ഛന്‍ എപ്പോഴാണ് എത്താ”?

“അച്ഛന്‍ വരുമ്പോള്‍ വരും. നീ ബാഗ് ഒക്കെ അടക്കി എടുത്തു വയ്ക്കാന്‍ നോക്കു. “

അവൾ ഒരു സുന്ദരി കുട്ടിയായി ഒരുങ്ങി എന്റെ അടുത്ത് വന്നിരുന്നു. “അമ്മേ, നമ്മുടെ പുഴ അരികില്‍ ഒരു പൂവ് വിരിഞ്ഞിട്ടുണ്ട്. അത് കാറ്റ് വീശി നമ്മളെ അടുത്തേക്ക് വിളിക്കും. അതിന്‌ വെള്ളം കൊടുക്കാന്‍ പോയപ്പോള്‍ ആണ് അമ്മ വിളിച്ചത് “

“നിന്നോടു ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ആരും കൂടെ ഇല്ലാതെ പുഴ അരികില്‍ പോവരുത് എന്ന്”.

അവളുടെ മുഖം തെല്ലൊന്ന് വാടി. അത് കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചു അവളെ വെറുതെ നല്ല ഒരു ദിവസം ആയിട്ട് വിഷമിക്കരുത് എന്ന്. അവളെ ചേര്‍ത്തു പിടിച്ചു അവളുടെ കണ്ണില്‍ നോക്കി ചിരിച്ചു. അവള്‍ എന്റെ മാറോടു ചേര്‍ന്ന് ഇരുന്നു. “അത് ഏത് പൂവ് ആയിരുന്നു അമ്മേ? “

“അതാണ് മോളെ വേഴാമ്പല്‍ പൂവ്. നല്ല മിടുക്കി കുഞ്ഞുങ്ങള്‍ക്ക് മാത്രമേ അതിനെ കാണാന്‍ പറ്റൂ. മോളു നല്ല കുട്ടി ആയതുകൊണ്ട് ആണ് ഇന്ന് ആമ്പല്‍ പൂവിന് കണ്ടത്‌. “

“ആമ്പല്‍ അല്ല അമ്മേ.. വേഴാമ്പല്‍ പൂവ് “. അവൾ എന്റെ അശ്രദ്ധയെ തിരുത്തി.

“ആഹ്.. വേഴാമ്പല്‍ പൂവ്.. ഇനി ചിന്നു കുട്ടി അമ്മ പറയുന്നത്‌ കേട്ടാല്‍ വേഴാമ്പല്‍ പൂവിനെ ഇനിയും കാണാം. ഇനി കാണുമ്പോള്‍ ആ പൂവിന്റെ ചുറ്റും കുഞ്ഞിന്റെ മഞ്ചാടി കുരുക്കള്‍ വിതറി ഇടണം “.

“അപ്പോൾ അച്ഛന്‍ പറയുന്നത് കേള്‍ക്കേണ്ട? “

“അച്ഛന്‍ പറയുന്നതും അനുസരിക്കണം. എന്നിട്ട്… “

“അമ്മേ, ഇന്ന് ഞാൻ സ്കൂളില്‍ പോണോ? എനിക്ക് അച്ഛനെ കാണണം. “

അപ്പോഴേക്കും മധുവിന്റെ ഓട്ടോ പടിക്കല്‍ വന്നു. ഞാൻ ഒന്ന് ചിന്തിച്ചു മധുവിന്റെ അടുത്ത് ചെന്ന് പറഞ്ഞു, “മോള് ഇന്ന് ഇല്ല മധു.. ഹരി ചേട്ടന്‍ ഇന്ന് വരുന്നുണ്ട്. നീ നാളെ വന്നാല്‍ മതി “.

അവന്റെ വിസ കാര്യം ചേട്ടനോട് പറയാന്‍ ഓര്‍മ്മിപ്പിച്ചു. ഞാൻ തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോള്‍ ചിന്നു പുറത്തേക്ക് ഓടി വന്നു. “നീ ആ ഉടുപ്പു ഇന്ന് ചീത്തയാകും. അത് അഴിച്ചു വെച്ചിട്ട് കളിക്കാന്‍ പോയാല്‍ മതി. “

“ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു അവൾ ഓടി “.

“ദേ.. സ്കൂളിൽ വിട്ടില്ല എന്ന് വച്ച് കുറുമ്പ് ഒന്നും കാണിക്കരുത്. അമ്മയ്ക്ക് അടുക്കളയില്‍ ഇന്ന് ഒരുപാടു ജോലി ഉള്ളതാണ്. “ ഞാൻ പറഞ്ഞത് കേട്ടോ എന്ന് പോലും അറിയില്ല.

ഇന്ന് ഹരി ചേട്ടന് ഇഷ്ടമുള്ള വിഭവങ്ങള്‍ എല്ലാം ശരിയാക്കണം. ഉച്ചയ്ക്ക് ഊണിനു മുന്‍പു എത്തും എന്നാണ് ഇന്നലെ ഫോണില്‍ പറഞ്ഞത്. പാത്രം കഴുകി കൊണ്ടിരിക്കുമ്പോള്‍ ആണ് ചിന്നു വീണ്ടും അകത്തേക്ക് ഓടി വന്നത്. നേരെ കിടപ്പു മുറിയിലേക്ക് പോയി. ഞാൻ അടുക്കളയില്‍ നിന്നും എത്തി നോക്കുമ്പോള്‍ അവൾ എന്റെ പഴയ പെട്ടി തുറന്നു അതിൽ എന്തോ തിരയുന്നു.

“എന്ത് കുരുത്തക്കേട് ആണ് ഒപ്പിക്കുന്നതു. ഞാൻ അങ്ങ് വരണോ? “

അപ്പോഴേക്കും അവൾ കൈയില്‍ എന്തോ മറച്ചു പിടിച്ചു എടുത്ത് കൊണ്ട് ഓടി. ഞാന്‍ എന്താ അവളുടെ കൈയ്യില്‍ എന്ന് ചോദിക്കും മുന്നേ അവൾ പിന്നാമ്പുറത്ത് പുഴ അരികിലേക്ക് മറഞ്ഞു.. എന്തെങ്കിലും ചെയ് എന്ന് മനസ്സില്‍ പറഞ്ഞു ഞാൻ അരി കഴുകി എടുത്തു.

എന്റെ നെഞ്ച് കീറി മുറിച്ചു ആണ്  ചിന്നുന്റെ അമ്മേ എന്ന വിളി കാതില്‍ പതിഞ്ഞത്. “മോളെ… “ എന്ന് വിളിച്ചു ഞാൻ ഓടി. എന്റെ ചെവിയില്‍ ഒരു മുഴക്കം. ഞാൻ ഓടിയിട്ടും നീങ്ങാന്‍ പറ്റാത്ത പോലെ. ഞാൻ പുഴയുടെ അരികില്‍ എത്തിയപ്പോള്‍ ചിന്നുനെ എവിടെയും കാണാനില്ല. ഞാൻ ചിന്നു എന്ന് ഉറക്കെ വിളിച്ചു. കണ്ണ് നിറഞ്ഞു പോയതും കൊണ്ട് ഒന്നും തെളിഞ്ഞ് കാണുന്നില്ല. എവിടെ നിന്നോ അവളുടെ അമ്മേ എന്നൊരു കുരുന്നു ശബ്ദം കേട്ടു. അതാ.. കുറച്ചു മാറി മുല്ല ചെടിയുടെ ചുവട്ടില്‍ എന്റെ ചിന്നു കിടക്കുന്നു. അവളുടെ അരികില്‍ ഞാൻ മര ഡപ്പിയിൽ സൂക്ഷിച്ചിരുന്ന മഞ്ചാടിക്കുരുക്കൾ വിതറി കിടക്കുന്നു.

അവളുടെ അടുത്തേക്ക് ഓടി ചെന്ന് അവളെ വാരി പുണരുംബോൾ അവൾ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “അമ്മേ, വേഴാമ്പല്‍ പൂവ്. “ ചിന്നു കൈ വിരൽ ചൂണ്ടി കാണിച്ചു. അപ്പോള്‍ ആണ്‌ ഞാൻ കണ്ടത് അവൾ കണ്ട വേഴാമ്പല്‍ പൂവ് എന്നെയും വിളിക്കുന്നു.

എന്റെ ചിന്നുന്റെ തളര്‍ന്നു വീണ കുഞ്ഞ് കയ്യില്‍ ഞാൻ കണ്ടു, രണ്ട് പാടുകള്‍. എന്റെ മകളുടെ ജീവന്‍ വേഴാമ്പല്‍ പൂവ് നുകർന്നതിന്റെ പാടുകള്‍...

നാടകം

നാടകം

ഞാന്‍ എന്ന നോക്കുകുത്തി

ഞാന്‍ എന്ന നോക്കുകുത്തി