ദൈവത്തിന് മരണമില്ല
ഫോൺ അടിച്ചു ഒരു പ്രാവശ്യം മാത്രം അതിനർത്ഥം അപ്പച്ചനാണെന്നാണ്. അപ്പച്ചൻ പറഞ്ഞിരുന്നു, ഫോൺ ഒന്നുമാത്രം അടിച്ചാൽ, അതുമിക്കവാറും ഞാനായിരിക്കുമെന്ന്. ചെലവുചുരുക്കലിന്റെ ഭാഗമായിട്ടാണ്. ഞാൻ ഉടനെ തിരിച്ചുവിളിച്ചു.
അപ്പച്ചൻ: എടാ നമ്മടെ രാമൻ മരിച്ചുപോയി.
ഞാൻ ഒന്ന് നിശ്ചലമായി. പക്ഷേ മൂളിക്കേട്ടു. അപ്പച്ചൻ തുടർന്നു.
അവന് കുടലിന്റെ അസുഖം ആയിരുന്നു. നാലുദിവസം പുഷ്പഗിരി ആശുപത്രിയിൽ കിടന്നു. പക്ഷേ രക്ഷപെട്ടില്ല.
ഞാൻ പതിയെ ഫോൺ താഴെവെച്ചു. സ്വയം മന്ത്രിച്ചു. ഏയ്, രാമൻകുട്ടി മരിക്കില്ല!
രാമൻകുട്ടി, ഞങ്ങളുടെ കുടികിടപ്പുകാരൻ, പാപ്പി പുലയന്റെ, ഏറ്റവും ഇളയമകൻ. സുന്ദരൻ. ശ്രീകൃഷ്ണന്റെ തനിരൂപം, ദേഹവടിവ് ചുരുളൻ മുടി. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം, ഇന്നും ഓർമ്മകളുടെ മുൻനിരയിലിടം പിടിച്ചിരിക്കുന്നു. ഓരോണക്കാലം! മഴയുണ്ട്. വെള്ളപ്പൊക്കമുണ്ട്, പമ്പയാർ കലങ്ങിയൊഴുകുന്നു. വള്ളംകളിയുടെ അന്നുകാലത്തുതന്നെ രാമൻ വീട്ടിൽ വന്നിരുന്നു. ഞങ്ങൾ ബാല്യകാല ചങ്ങാതിമാരായിരുന്നു. അവനും എനിക്കും വയസ്സ് പന്ത്രണ്ട്.
കൊച്ചമ്പ്രാ, വള്ളംകളിക്ക് തുഴക്കാർക്കായി അങ്ങാടിയിൽ ആട്ടിറച്ചിവെട്ടുന്നുണ്ട്. ആവശ്യക്കാർക്ക്, അത് വിൽക്കുന്നുമുണ്ട്.
രാമാ, അതിന് എനിക്കെവിടാ പണം?
അമ്മച്ചി തരും.
അമ്മച്ചി മുറ്റത്തേക്കിറങ്ങി വന്നു. രാമാ, നീ ആ തൈത്തെങ്ങിൽ കയറി നാലഞ്ചുതേങ്ങാ പിരിക്ക്.
പന്ത്രണ്ടുക്കാരനാണെങ്കിലും, അവനതിനൊക്കെ തന്റേടമുണ്ട്.
അവൻ കാർത്ത്യായനി ചോവത്തിയുടെ കടയിൽ ചെന്ന് തേങ്ങ കാശാക്കി, ഇറച്ചി കൊണ്ടുവന്നു.
വെങ്ങാഴി വീട്ടിൽ, ഉച്ചഭക്ഷണം കഴിഞ്ഞ്, ഷോട്ട്, ചുണ്ടൻ വള്ളത്തിൽ തുഴയുവാൻ തുഴക്കാർ തയ്യാറെടുക്കുകയാണ്. വയറു നിറഞ്ഞാൽ ശരിക്കും തുഴയുമോ? ആർക്കറിയാം. വീട്ടിൽ എന്റെ ഏറ്റവും ഇളയ അമ്മാവൻ വന്നിരുന്നു, കോതമംലത്തു നിന്ന്.
ഞാനും, രാമനും, അങ്കിളും ആട്ടിറച്ചി ആസ്വദിച്ചു വിരലുകൾ നക്കി.
ഇത്തിരിമ കൂടി തേങ്ങാപ്പാല് പിഴിയാരുന്നു. അമ്മച്ചി കുപ്പിപ്പിലാസ് എടുത്ത് വയ്ക്കെ പതിയെ പറഞ്ഞു.
ഞങ്ങളുടെ വീട് ആറ്റിനരികിലാണ്. ആറും, വീടും തമ്മിൽ ഒരു റോഡിന്റെ വേർപാട്. ഞങ്ങളുടെ മാലിക്ക് (പുറംപോക്ക്) അപ്പച്ചൻ പതിച്ചെടുത്തതാണ്. ആൾക്കാർ പുറമ്പോക്കിൽ കൂടാൻ നിൽക്കുന്നു. വലിയ ബഹളം. അവിടെ നിന്നാൽ പമ്പയാറിന്റെ നൂറ്റെൺപത് ഡിഗ്രി വ്യൂവും കിട്ടും.
ഞാനും, രാമനും, അങ്കിളും മുൻപന്തിയിൽ നല്ല കാഴ്ച കിട്ടുന്നിടത്ത് ഇത്തിരിയിടമുറപ്പിച്ചു.
ആറ്റിൽ നല്ലതിരക്കാണ്. പലതരം വള്ളങ്ങൾ, യന്ത്രം പിടിപ്പിച്ച ബോട്ടുകൾ, പള്ളിയോടങ്ങൾ. ഒരു ബോട്ടിന്റെ മുകളിലിരുന്ന് ഒരാൾ ഉച്ചഭാഷിണിയിലൂടെ 'കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ' എന്ന് അത്യുച്ചത്തിൽ പാടിത്തിമിർക്കുന്നു. നല്ലവണ്ണം മിനുങ്ങിയിട്ടുണ്ടെന്നത് തീർച്ചയാണ്. അട്ടഹാസം, ചൂളമടി, പിന്നെ ഇടയ്ക്കിടെയുള്ള കൂക്കുവിളിയും
കാണികൾക്കിടയിൽ നിന്ന് ഉച്ചത്തിൽ ഒരു വിദ്വാൻ, 'എടാ, റാഫീ, അതു നിനക്ക് ഹിന്ദിയിൽ പാടാമോടാ?'
അടുത്തു നിന്ന വേറൊരു വിദ്വാൻ, 'പമ്പാ മേ മോരു നാച്ചാ കിസി കി ന ദേഖാ'.
അങ്കിൾ, 'സണ്ണീ, ഇതു വള്ളം കളിയല്ല. വെളളം കളിയാണ്'
പടിഞ്ഞാറോട്ടുനോക്കി. തേവേരിക്കടവിൽ ഷോട്ട് ഉൾപ്പെടെ ചുണ്ടൻ വളളങ്ങൾ അണിനിരന്നിട്ടുണ്ട്. ചുണ്ടൻമാർ, ആറ്റിന്റെ അക്കരെയിക്കരെ, വലിച്ചു മുറുക്കിയ കയറിൽ മുട്ടി മുട്ടി നിൽക്കുകയാണ്. വെടിപൊട്ടുമ്പോൾ ഓട്ടം തുടങ്ങും.
നിമിഷങ്ങൾ മാത്രം. വെടി പൊട്ടി!
വള്ളങ്ങൾ മുൻപോട്ട് കുതിച്ചു പായുന്നു, പടക്കുതിരകളെപ്പോലെ.
ഷോട്ട്, അൽപ്പം പുറകിലാണ്.അതിന്റെ തുഴക്കാർക്ക് ചങ്കുറ്റമുണ്ട്. കാണികൾ ആർത്തു. ഷോട്ട്, ഷോട്ട്, ഷോട്ട്!
ആവേശം! ഷോട്ട് പെട്ടന്ന് മുൻനിരയിൽ!
ഒപ്പത്തിനൊപ്പം! ആർക്കും ജയിക്കാം! പാട്ടും താളവും മുറുകി! തുഴക്കാർ ആഞ്ഞാഞ്ഞു വലിച്ചു! ഷോട്ട് മുന്നിൽ! കാരണം ചവിട്ടിപ്പാടുന്ന, നിരണം തോമസിന്റെ ആവേശം!
ഷോട്ടു വിജയിച്ചു! വീണ്ടും!
ആ ആവേശത്തള്ളിച്ചയിൽ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. ചളിയിൽ കാലുകൾ പുതഞ്ഞുപോയിരിക്കുന്നു. കുതിച്ചിട്ടും മുകളിലെയ്ക്ക് ഉയരാൻ കഴിയുന്നില്ല. എന്റെ ശ്വസനനാളികളിൽ പമ്പയിലെ കലക്കവെള്ളം നിറഞ്ഞു. എന്റെ തലയ്ക്ക് മീതെ തോറ്റുമടങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ നിഴലുകൾ പതിയെ തുഴഞ്ഞുനീങ്ങുന്നു. കാണികളുടെ ആരവങ്ങൾ ഏറ്റെടുക്കാൻ വെള്ളം നിറഞ്ഞ എന്റെ ചെകിടുകൾക്കായില്ല.
പതിയെ കണ്ണിലേയ്ക് ഒരു മഴത്തുള്ളി വീണു. അതിശക്തമായി നെഞ്ചിനുമുകളിൽ കാരിരുമ്പിന്റെ ശക്തിയിൽ ആരോ അമർത്തുന്നു. ഓരോ അമർത്തലിലും വായിലൂടെ നുരയും പതയും പമ്പയാറിലെ കലക്കവെള്ളവും. കണ്ണ് പതിയെ തുറന്നു. രാമൻകുട്ടി. അവനൊരാവേശത്തോടെ എന്റെ ഉയിരിനെ കടിച്ചുപിടിച്ചിരിക്കയാണ്. തിരുമ്മിയും ഉരുട്ടിയും അതിലേയ്ക്ക് പ്രാണവായു പകർന്നു നൽകുകയാണ്.
നാൽപ്പത് വർഷങ്ങൾക്കുശേഷം ഇപ്പോൾ അപ്പച്ചൻ നുണപറയുകയാണ്. രാമൻകുട്ടി മരിച്ചെന്ന്.
ഞാൻ നിറഞ്ഞ കണ്ണാൽ മന്ത്രിച്ചു, എനിക്കൊരു രണ്ടാം ജന്മം തന്ന എന്റെ രാമൻകുട്ടി ദൈവമാണ്. ദൈവത്തിന് മരണമില്ല.