Kadhajalakam is a window to the world of fictional writings by a collective of writers

പൊട്ടൻ

പൊട്ടൻ

അവനെ കുറിച്ച്  ആർക്കും ഒന്നും അറിയില്ലായിരുന്നു. എപ്പോഴും അവനെ ചന്തയുടെ പരിസരങ്ങളിൽ തന്നെ കാണാമായിരുന്നു. അവിടം വിട്ട്  അവൻ മറ്റെങ്ങോട്ടും  പോകുക ചുരുക്കമായിരുന്നു. എവിടെ നിന്ന് വന്നെന്നോ അവന്റെ പേരെന്താണെന്നോ പോലും അവിടെ ആർക്കും അറിയില്ലയിരുന്നു. പക്ഷെ അവിടുള്ളവർ അവനെ പൊട്ടൻ എന്നാണ് വിളിച്ചിരുന്നത്. മുട്ടോളം തെറുത്തു കയറ്റിയ ഒരു പഴയ പാൻറ്സും ഒരു നീളൻ  ടി ഷർട്ടും ആയിരുന്നു അവന്റെ വേഷം. മുഖത്തു അങ്ങിങ്ങായി മുളച്ചു പൊന്തിയ കുറച്ചു രോമങ്ങളും നേർത്ത മീശയും വെളുത്ത നീണ്ടു മെലിഞ്ഞ ഒരു രൂപവും അതായിരുന്നു അവൻ. മറ്റു അടയാളങ്ങളും പ്രേത്യകതകളും ഒന്നും  അവനില്ലായിരുന്നു. ചന്തയിലെ ഒരു വിധം എല്ലാ ജോലികളിലും അവൻ ഏർപ്പെട്ടിരുന്നു. ജോർജ്ജേട്ടന്റെ പലചരക്ക് കടയിൽ സാധനങ്ങളുമായി വണ്ടി വന്നാൽ അത് ഇറക്കി ഗോഡൗണിൽ എത്തിക്കുന്നത് അവനായിരുന്നു. മൊയ്‌തൂക്കാന്റെ ചായ പീടികയിൽ ആവശ്യത്തിനുള്ള വെള്ളം എത്തിക്കുന്നതും അവനായിരുന്നു. അങ്ങനെ ചന്തയിൽ അവനു ചെയ്തു തീർക്കാൻ ജോലികൾ നൂറുകുട്ടമായിരുന്നു. ആരെങ്കിലും കൂലി കൊടുത്താൽ വല്ലതും വാങ്ങി കഴിക്കും, അല്ലെങ്കിൽ പട്ടിണി കിടക്കും, ഇതായിരുന്നു ശീലം. ചന്ത ജനങ്ങളാൽ നിറയുമ്പോളും അത് വിജനതയിലേക്കു വഴി മാറുമ്പോളും എല്ലാം അവനു ഒരേ മുഖഭാവം മാത്രമായിരുന്നു. പലപ്പോഴും ചന്തയിൽ കൂടി കടന്നു പോകുന്ന റോഡിനു ഇരുവശവും കുടികിടക്കുന്ന മാലിന്യങ്ങൾ കൈ വണ്ടിയിൽ വാരി നിറച്ചു ദൂരേക്ക് വലിച്ചു കൊണ്ട് പോകുമ്പോളും ഓടയിൽ അടിഞ്ഞു കൂടുന്ന അഴുക്കുകൾ ഒരു അറപ്പുമില്ലാതെ വൃത്തി ആക്കുമ്പോളും അവനെ നോക്കി അവിടുള്ളവർ വിളിച്ചിരുന്നത് പൊട്ടൻ എന്നായിരുന്നു.ആ വിളി കേൾക്കുമ്പോളും അവന്റെ മുഖ ഭാവത്തിൽ യാതൊരു മാറ്റവുംഇല്ലായിരുന്നു. അവൻ ആരോടും ഒന്നും മിണ്ടിയിരുന്നില്ല.

സത്യം പറഞ്ഞാൽ അവന്റെ സംസാര ഭാഷ ഏതാണ് എന്നുകൂടി ആർക്കും അറിയില്ലായിരുന്നു. പക്ഷെ വിശന്നു തളർന്നു ചന്തയുടെ ഒരു മൂലയ്ക്ക് ചുരുണ്ടു കുടി കിടക്കാറുള്ള വയസ്സായ അമ്മയുടെ വിശപ്പിന്റെ ഭാഷ അവനും വശമായിരുന്നു. അത് കൊണ്ടാവും തനിക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ ഒരു വിഹിതം അവൻ ആ അമ്മക്ക് കൊടുക്കാറുണ്ടായിരുന്നത്. ഒടുവിൽ അവരുടെ ചേതനയറ്റ ശരീരം കൈവണ്ടിയിൽ കിടത്തി കുന്നിൻ ചെരുവിലെ ശ്മശാനത്തിൽ എത്തിച്ചു ചടങ്ങുകൾ തീർത്തു തിരികെ വരുമ്പോഴും അവനെ അവിടുള്ളവർ വിളിച്ചിരുന്ന പേര് പൊട്ടൻ എന്നായിരുന്നു. ഒരിക്കൽ ചുമടുമായി പോകുമ്പോൾ താഴെ കിടന്നു കിട്ടിയ ബാഗിന്റെ ഉള്ളിലെ കനം അവന്റെ മുഖഭാവത്തിൽ യാതൊരു മാറ്റവും  വരുത്തിയില്ല .അത് ഉടമയ്ക്ക് തിരിച്ചു നൽകിയത് കണ്ട അവിടെയുള്ള ചില ബുദ്ധിമാന്മാർ അവനെ വിളിച്ചതും പൊട്ടൻ എന്നായിരുന്നു. ഒടുവിൽ ചന്തയിലെ മുന്തിയ വസ്ത്രശാലയ്ക്കുള്ളിൽ നിന്നും ഉയർന്ന തീയിൽ നിന്നും ഒരു കുട്ടിയേയും നെഞ്ചോടു ചേർത്ത് പിടിച്ചു പുറത്തേക്ക് ഓടിയപ്പോഴും, അവസാനം പൊള്ളലേറ്റു സർക്കാർ ആശുപത്രി  വരാന്തയിൽ  ചേതനയറ്റ അവന്റെ ശരീരം അനാഥമായി കിടന്നപ്പോളും അവന്റെ മുഖ ഭാവത്തിൽ യാതൊരു മാറ്റവും കണ്ടില്ല. അപ്പോളും അവന്റെ പേര് പൊട്ടൻ എന്നായിരുന്നു.

 

ദൈവത്തിന് മരണമില്ല

ദൈവത്തിന് മരണമില്ല

ഫയർമാൻ

ഫയർമാൻ