പമ്പരം
അപ്പാപ്പന്റെ പഴയ തുരുമ്പെടുത്തു ചെമ്പിച്ച ഫുൾ സൈക്കിൾ , അതിൽ ആഞ്ഞു ചവിട്ടി പായുമ്പോൾ റോഡിനു ഇരുവശമുള്ള ലോകം കറങ്ങുന്നതായി അവന് തോന്നാറുണ്ട്. പരവൂർ ബസ്സ്റ്റാൻഡ് , പൊട്ടന്റെ മിൽ , പുറ്റിങ്ങൽ ആൽമരം. ഗട്ടറുകൾ ചാടിച്ചു കുതിക്കുന്ന ടയറും വീലും, ചുറ്റുപാടും വെട്ടിത്തിരിയുന്ന തലയും ആളുകൾ അവനെ പമ്പരം എന്ന് വിളിച്ചു.
പമ്പരം മൂന്നുതവണ കാറ്റിനനുസരണം കറങ്ങി നാൽക്കവലയിൽ നിന്നു . പമ്പരം മിണ്ടില്ല , കേൾക്കില്ല. പൊട്ടനാണ് പക്ഷെ വട്ടനല്ല. അപ്പാപ്പന്റെ ആലയിലെ ഊർജസ്വലനായ ഉരുക്കാണ് പതിനാല് കൊല്ലമായി കറങ്ങുന്ന പമ്പരം. കറുത്ത് മെലിഞ്ഞ ഒരു പാറയാണ്, വെളുത്തു മെലിഞ്ഞ കൂട്ടുകാരിയോട് പ്രണയം തോന്നി . ആലയിൽ കത്തിക്ക് മൂർച്ച കൂട്ടുമ്പോഴും മുന്നിൽ കത്തുന്ന തീ അവനു അവളുടെ കണ്ണുകളാണ് . കണ്ണിൽ തീ ഉള്ള ആ പെണ്ണ് 7 ബിയിലെ നാല്പതോളം കണ്ണുകളുടെ ആവേശമായിരുന്നു. ശാസ്ത്രം പഠിപ്പിക്കുന്ന തങ്കമണി ടീച്ചർടെ ഭാഷയിൽ മുഖ്യ ആകർഷണ കേന്ദ്രം. വിദേശമദ്യശാലയ്ക്കരികിലെ ഓട്ടോസ്റ്റാൻഡ് .അവിടെ നിന്ന് അവളുടെ വിടർന്ന തുറിച്ച കണ്ണിലേക്കു നോക്കണം. അവളെങ്ങാനും തിരിച്ചു നോക്കിയാൽ തല വെട്ടിച്ചു സമയം തെറ്റി ഓടിയെത്തുന്ന വി ആൻഡ് എസ് ബസ്സിലേക് ദൃഷ്ടി അയക്കണം. ഒരു നാരങ്ങ സോഡ, ബട്ടർ ബൺ, അപ്പാപ്പന് ഒരുകെട്ട് ബീഡി, ഇത്രയൊക്കയേ ഈ സായംസന്ധ്യയിൽ പമ്പരം ആഗ്രഹിക്കുന്നുള്ളു. പമ്പരത്തിന്റെ സന്തതസഹചാരിയാണ് ആ പോലീസ് വാഹനത്തിന്റെ ടയറിൽ അതിഗംഭീരമായി കാലുപൊക്കി മൂത്രവിസർജനം നടത്തുന്ന ആ ശ്വാനൻ. ആ ജീപ്പും അത് ഓടിയണയുന്ന പോലീസ് സ്റ്റേഷനും ഇനി എനിക്കു സ്വന്തം എന്നാവും വലിയ ലിംഗമുള്ള ആ പുരുഷകേസരി ചിന്തിക്കുന്നത്. തൻ്റെ ഇതര ചിന്തകളെ മൂക്കിൽനിന്നാവാഹിച് വായിലെത്തിച്ചു നിലത്തു കാർക്കിച്ചുതുപ്പിയതും മുതുകിൽ ഒരടിവീണതും ഒന്നിച്ചായിരുന്നു. പമ്പരം തിരിഞ്ഞുനോക്കി, അടുത്ത വീട്ടിലെ അമ്മാവനാണ്. വീടിനോടായി വലിയ പുരയിടമുള്ള, കാറും കോഴിയും, വലിയ ടീവിയും പശുവുമുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ പിതാവ്. തൊഴുത്തിലെ ബൾബ് മാറ്റിയിടണം അല്ലെങ്കിൽ ബൾബിന്റെ പ്രശ്നം നോക്കണം, കാരണവർ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു, പോയി പണിനോക്കാൻ പമ്പരവും പറഞ്ഞു. വൈകിട്ടത്തെ തലപ്പന്തുകളിയും പന്തൽകുളത്തെ അടിച്ചു തെരിപിച്ചുള്ള കുളിയും ഒഴിവാക്കാൻ പറ്റാത്തതാണ്. എന്നുവരികിലും അമ്മാവന്റെ ഇളയമകളെകുറിച്ചോർത്തപ്പോ നാളെ വരാമെന്നും അടിയന്തിരമായ ഒരത്യാവശ്യമുണ്ടെന്നും ഇനിമേൽ തൻ്റെ മുതുകത്തു അധികാരത്തിൽ ആഞ്ഞടിക്കരുതെന്നും പമ്പരം പറഞ്ഞു, കാരണം ഇത് കാറ്റുണ്ടാക്കി കറങ്ങുന്ന പമ്പരമാണ്. പലരെയും വഴിക്കു കണ്ടു കൈകളും വിരലുകളും പലകുറി സമർസോൾട് അടിച്ചു. സൈക്കിളും പമ്പരവും അതിവേഗം ബഹുദൂരം കറങ്ങി. ചുറ്റും ശബ്ദം, വലിയ ശബ്ദപെട്ടികളിൽ പ്രമുഖ മന്ത്രി നാടിനുവേണ്ടി പ്രസംഗിക്കുന്നു, കൈയ്യടി, പോലീസിന്റെ രാഷ്ട്രീയം പറച്ചിൽ, കാളയെ ചാട്ടവാറിനടിച്ച് ഓടിക്കുന്നതുപോലെ റോയൽ എൻഫീൽഡുകളെ അടിച്ചോടിക്കുന്ന യുവകോമാളന്മാർ. ഇതിനെല്ലാമിടയിലൂടെ ചുറ്റിത്തിരിഞ്ഞു വെട്ടികറക്കി പ്രകമ്പനം കൊള്ളിക്കുന്നു പമ്പരത്തിന്റെ സൈക്കിൾബെൽ. അതിനു നൃത്തം വായിച്ച പിന്തുടരുന്ന ശ്വാനൻ. ഒരുവേള സൈക്കിൾ നില്കുന്നു, പമ്പരത്തെ പൊട്ടൻ എന്നുവിളിച്ച ഒരു വട്ടന്റെ പല്ല് വായുവിൽ മലക്കംമറിയുന്നു. വലംകൈയ്യിലെ യോനീവിരൽമുട്ടിൽ നേർത്ത ഒരു പാടോടെ ഓടിപോകാനാഞ്ഞ അഭിമാനത്തെ കീശയിലാക്കി വീണ്ടും കറങ്ങുന്നു .
ചില രാത്രികളിൽ കാറ്റു ഉണ്ടാവാറില്ല, അതാവും പമ്പരം വീട്ടിൽ വിശ്രമം. വലിയ കാറ്റാടിയായി ഉപയോഗമുള്ള എന്തെങ്കിലും ചെയ്യണം, അപ്പാപ്പൻ ഉപദേശിക്കാറുണ്ട് . തനിക്കു ഉപയോഗമില്ലാത്ത ഒന്നുംചെയ്യാറില്ല പമ്പരം, എങ്കിലും കാരണവർ പറയുന്നതെല്ലാം കേട്ട് തലയാട്ടി നാവുനുണഞ്ഞു ഉമിനീരിറക്കി സലാം വയ്ക്കലാണ് പതിവ്, അതിന് കാരണം ശാപ്പാടിന് ശേഷം മദാലസകൾക് കീശയിൽനിന്നും പണം വാരിയെറിയുന്ന ഉത്തരേന്ത്യൻ മാർവാടികളെപോലെ അപ്പാപ്പൻ വച്ചുനീട്ടുന്ന ഒരു ഗ്ലാസ് റം ആണ്. പമ്പരം അപ്പാപ്പനോട് സംസാരിക്കാറുണ്ട്, ചുണ്ടിനും മുൻവശത്തെ പല്ലിനുമിടയിലെ വായുവിൽ എന്തോ രഹസ്യം ഒളിപ്പിച്ച് റം ഇരുകൈകളും നീട്ടി അവൻ ഏറ്റുവാങ്ങും, ശേഷം അപ്പാപ്പൻ നേരെ മുറിയിലേക്കു പോകും . ബാക്കിയുള്ള രണ്ടുഗ്ലാസ്സ് എഴുപതു കഴിഞ്ഞ ഭാര്യയ്ക്ക് അവകാശപ്പെട്ടതാണ് . മുറിയുടെ ഒരു വശത്തായി ഒരു മൂങ്ങ വസിക്കുന്നു , മൂങ്ങ ഉണരുമ്പോൾ പമ്പരം ഉറങ്ങുന്നു .
ശുഭം
NB:- വായുവിൽ മലക്കം മറിഞ്ഞ ആ പല്ല്
തടിച്ച വിഷ്ണു പാവത്താനാണ് , എന്നുവരികിലും അസ്ഥാനത്തുള്ള അവൻ്റെ ചില തമാശകൾ പമ്പരത്തിന് പിടിക്കാറില്ല .ആ ഒരു തുള്ളി ഇഷ്ടമില്ലായ്മയാണ് പല്ലായി പെയ്തു നിലത്തു വീണത് . ഇരുവരും സുഹൃത്തുക്കൾ ആയതിനാലും തടിയന് പലപ്പോഴായി പമ്പരത്തിനെ ആവശ്യമുള്ളതിനാലും പല്ലുകേസ് പശ്ചാത്തലത്തിൽ ഒത്തുതീർപ്പാവുന്നു .എന്നാൽ തെറിച്ച പല്ലിന്റെ കഥ അവിടെ അവസാനിക്കുന്നില്ല അത് ശ്വാനന്റെ മൂക്കിനും അവിടെനിന്ന് വായിലേക്കും ഉള്ള ദൂരത്തിൽ അപ്രത്യക്ഷമാവുന്നു . അവനങ്ങനെ നൃത്തം വയ്ച്ചു തുടകളിലെ പേശികളെ മുകളിലേക്കും താഴേക്കും ചലിപ്പിച് ആളൊഴിഞ്ഞ ഒരു ബസ്സിനുള്ളിൽ ആ പല്ല് നിക്ഷേപിക്കുന്നു . ബസ്സിലെ തിക്കിലും തിരക്കിനുമിടയിൽ തൻ്റെ നിതംബത്തിൽ ഒരനാവശ്യ സ്വാതന്ദ്ര്യം മുട്ടിയുരുമ്മുന്നതായി മനസ്സിലായ ഒരു ചേച്ചി പൊടുന്നനെ പുളകിതയായെങ്കിലും പെട്ടെന്ന് മനസ്സിലേക്കു ഉരുണ്ടുകയറിയ പലതര മാനാഭിമാന ചിന്തകളാൽ ഒരു പയ്യനെ ചെരിപ്പൂരിയടിക്കുന്നു . ആകെ കോലാഹലം . അതേസമയം ചെരിപ്പിനടിയിലെ വിടവിൽ പറ്റിയിരുന്ന ആ പല്ല് അടിയുടെ ആഘാതത്തിൽ ബസ്സിന് പുറത്തേക്കു പറക്കുന്നു .ഏതോ വിദേശ ശക്തിയുടെ പ്രേരണയിൽ നിഗൂഢാലോചനയുടെ ഭാരവുംപേറി ആ പല്ലു യാത്ര തുടരുന്നതായിരിക്കും . എല്ലാവരുടെയും ഇഷ്ടാനിഷ്ടഅനുസരണം ആ പല്ല് ഉത്തരകൊറിയവരെ സഞ്ചരിക്കുന്നതാണ് അപ്പോഴും പമ്പരം കറങ്ങിക്കൊണ്ടിരിക്കും.